Social Icons

Featured Posts

CLUB

Friday, 23 November 2018

ഉച്ചഭക്ഷണ ചർച്ച: ലിംഗസമത്വം




         2018 ഒക്ടോബർ 31നു നടന്ന ഉച്ചഭക്ഷണ ചർച്ച സംഘടിപ്പിച്ചത് 9 സി ക്ലാസിലെ കുട്ടികളായിരുന്നു. നമുക്ക് മൗലികാവകാശങ്ങളുണ്ട്. അതിൽ പ്രധാനമാണ് സമത്വത്തിനുള്ള അവകാശം. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശമെന്നു പറയാറുണ്ടെങ്കിലും സമൂഹത്തിൽ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 'ലിംഗസമത്വം' എന്ന വിഷയത്തെ ക്കുറിച്ചായിരുന്നു ചർച്ചാവേദി.

    സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾ, വിദ്യാലയങ്ങളിലും ജോലിസ്ഥലത്തും നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾ സംസാരിച്ചു. ലിംഗസമത്വം എന്ന എന്ന ആശയം കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ വരുന്നത് സ്ത്രീ, പുരുഷൻ എന്നീ രണ്ട് കൂട്ടരെക്കുറിച്ചു മാത്രമായിരിക്കും. എന്നാൽ ട്രാൻസ് ജന്റേഴ്സിനെക്കുറിച്ചും അവരനുഭവിക്കുന്ന യാതനകളെക്കുറിച്ചും ഈ വേദിയിൽ ചർച്ച ചെയ്തു. 10 എ ക്ലാസ്സിലെ അനാമിക എം.എസ് ആയിരുന്നു മോഡറേറ്റർ.

ആസിയ മുഹമ്മദ്

10 സി

Thursday, 6 September 2018

ക്വിറ്റ് ഇന്ത്യ ദിനം ഉച്ചഭക്ഷണചർച്ച


സാമൂഹ്യശാസ്ത്ര ക്ലബ് നടത്തിവരുന്ന ഉച്ചഭക്ഷണചർച്ച ആഗസ്റ്റ് 8 ബുധനാഴ്ച സംഘടിപ്പിച്ചത് ഞങ്ങളുടെ ക്ലാസ് ആയിരുന്നു. ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ഞങ്ങളുടെ ക്ലാസ്സ് നടത്തുന്ന അസംബ്ലിക്കു തലേദിവസമാണ് ഉച്ചഭക്ഷണ ചർച്ച നടത്തിയത്. ചർച്ചയിൽ പങ്കെടുത്തവരിൽ കൂടുതലും ഹൈസ്കൂൾ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. കൂടുതലും പെൺകുട്ടികളായിരുന്നു. നമുക്ക് അറിയാത്ത കാര്യങ്ങൾ പലതും അവർ പറഞ്ഞുതന്നു. എല്ലാവരും സ്വന്തം ഭക്ഷണം കൊണ്ടുവന്നു. അവരവരുടെ കൂട്ടുകാർക്ക് കൊണ്ടുവന്ന ഭക്ഷണം പങ്കുവയ്ക്കുകയും ചർച്ചയുടെ ഇടയിൽ ചെറിയ തമാശകൾ പറഞ്ഞ് ചിരിക്കുകയും ചെയ്തു. 
ഒട്ടേറെ അറിവുകൾ പകർന്നുകിട്ടിയ ചർച്ചാവേദിയായിരുന്നു. ഗാന്ധിജിയെക്കുറിച്ചും സ്വാതന്ത്ര്യസമരത്തിൽ മറ്റ് മഹദ് വ്യക്തികളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്തു. സമയം വളരെ കുറവായിരുന്നതിനാൽ ഭക്ഷണത്തോടൊപ്പം ചർച്ചയും പൂർത്തിയാക്കി ഞങ്ങൾ പിരിഞ്ഞു.


സുരഭി എസ്
ഏഴ് ബി

Tuesday, 4 September 2018

ഉച്ചഭക്ഷണ ചർച്ച :ആഗസ്റ്റ് 1


സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഉച്ചഭക്ഷണ ചർച്ചയുടെ സംഘാടകർ ഒരു തവണ ഞങ്ങളുടെ ക്ലാസ്സായിരുന്നു. 2018 ആഗസ്റ്റ് 1 ബുധനാഴ്ചയായിരുന്നു ആ ചർച്ചാവേദി. എട്ടാം ക്ലാസ്സിലെ മൂന്നു പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ഒരു പതിപ്പ് തയ്യാറാക്കാനുള്ള ആലോചനയായിരുന്നു ആ ചർച്ചയിൽ. ഏഴാം ക്ലാസ്സിലെ കുട്ടികളും ആ ചർച്ചയിൽ പങ്കെടുത്തിരുന്നു. അവർക്കും ഇതുപോലൊരു ഉച്ചഭക്ഷണചർച്ച സംഘടിപ്പിക്കണമെന്നുണ്ട്. നമ്മുടെ ചർച്ചാവേദി നിരീക്ഷിക്കാനായിരുന്നു അവർ വന്നത്. നമ്മുടെ പതിപ്പിനെക്കുറിച്ചും അതിൽ ചേർക്കേണ്ടതും ചേർക്കേണ്ടാത്തതുമായ കാര്യങ്ങളെക്കുറിച്ചും അവർ വ്യക്തമായി സംസാരിച്ചു. ഉച്ചഭക്ഷണ ചർച്ച നടത്തുന്നത് എങ്ങനെയെന്ന് കണ്ടുപഠിക്കാൻ വന്ന അവർ നമ്മളെ അതിമനോഹരമായി പഠിപ്പിക്കുകയാണുണ്ടായത്. 

സാമൂഹ്യശാസ്ത്രക്ലബ്ബിൽ നമ്മൾ ഇപ്പോൾ ഒരുപാട് ചർച്ച നടത്തി. നമുക്ക് ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചുരുക്കം സമയത്തിനുള്ളിൽ ഈ ചർച്ചാപരിപാടിയിലൂടെ എന്തുമാത്രമാണ് നാം പഠിക്കുന്നത്! അറിവുകളും പരസ്പരബന്ധവും സഹപാഠി സ്നേഹവും എന്തും പറയാനുള്ള ഒരു കരുത്തും ഇതിൽനിന്നും നമുക്ക് പകർന്നുകിട്ടുന്നു. ചർച്ചയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മനസ്സുതുറന്നു സംസാരിക്കാനുള്ള ഉണർവ് ഇതിലൂടെ നേടിത്തരുന്നു.

ലക്ഷ്മി ചന്ദ്രൻ 
എട്ട് സി

ഉച്ചഭക്ഷണ ചർച്ച: നമ്മുടെ ഗവണ്മെന്റ്

രണ്ടാമത്തെ ഉച്ചഭക്ഷണ ചർച്ച സംഘടിപ്പിച്ചത് ഞങ്ങളുടെ ക്ലാസ്സാണ്.2018 ജൂലൈ 25നായിരുന്നു ആ ചർച്ച. ഞങ്ങൾക്ക് പഠിക്കാനുള്ള ഒരു പാഠഭാഗത്തെയാണ് ഞങ്ങൾ ചർച്ചയ്ക്കു വേണ്ടി തിരഞ്ഞെടുത്തത്. എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ നാലാം യൂണിറ്റായ 'നമ്മുടെ ഗവണ്മെന്റി'നെ ആസ്പദമാക്കിയായിരുന്നു ഞങ്ങൾ ചർച്ച സംഘടിപ്പിച്ചത്. എട്ടാം ക്ലാസ്സിലെ മറ്റു ഡിവിഷനുകളിൽ നിന്നുള്ള കൂട്ടുകാർക്കൊപ്പം ഒൻപതിലെയും പത്തിലെയും കുറച്ച് കുട്ടികളും ഈ ചർച്ചയിൽ പങ്കെടുക്കുന്നതിന് ഉച്ചഭക്സ്ക്ഷണവുമായി ഞങ്ങളുടെ ക്ലാസ്സിൽ വന്നു. ഇവരെല്ലാം പെൺകുട്ടികളായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിയമനിർമ്മാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നിവയെക്കുറിച്ച് ഞങ്ങൾ  സംസാരിച്ചു. യൂത്ത് പാർലമെന്റിന്റെ വീഡിയോ ഞങ്ങൾ കണ്ടിരുന്നതിനാൽ പാർലമെന്റ് പ്രവർത്തനങ്ങളെക്കുറിച്ച്  വ്യക്തമായ ഒരു ധാരണ ഉണ്ടായിരുന്നത് ഉച്ചഭക്ഷണ ചർച്ചയെ കൂടുതൽ സജീവമാക്കി എന്നു പറയാം. എട്ട് സി ക്ലാസ്സിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ലഭിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും ധനബില്ലുമൊക്കെ ചർച്ചയിൽ വന്നു. നല്ല ഒരു ഉച്ചഭക്ഷണ ചർച്ചയാണ് ഞങ്ങളുടെ ക്ലാസ്സ്  സംഘടിപ്പിച്ചത്.
ഗൗരിപ്രിയ
8 ബി ക്ലാസ്സ്

Monday, 23 July 2018

മുട്ടയിലെ ഭൂമി



വളരെ വ്യത്യസ്തവും അത്ഭുതകരവുമായ പരിപാടിയായിരുന്നു അത്. ഞങ്ങളുടെ ആദ്യത്തെ ഉച്ചഭക്ഷണ ചർച്ചാവേദി. 'ഭൗമരഹസ്യങ്ങൾ തേടി' എന്ന പാഠഭാഗത്തെ ആസ്പദമാക്കി എട്ടാം ക്ലാസ്സ് എ ഡിവിഷനിലെ കുട്ടികളാണ് അത് സംഘടിപ്പിച്ചത്.ചോറു കഴിക്കാനുള്ള ബെല്ലടിച്ചപ്പോൾ ഞാനും എന്റെ കൂട്ടുകാരും എട്ട് എയിലേക്ക് ചോറുമായി ചെന്നു. അതിഥികളെ വരവേൽക്കുന്നതിന് എട്ട് എയിലെ കൂട്ടുകാർ ബഞ്ചും മേശയും ക്രമീകരിച്ചിരുന്നു. ഉച്ചഭക്ഷണ ചർച്ചാവേദി എന്ന ആശയം നടപ്പാക്കുന്നതിനു മുമ്പ് തലേദിവസം ഞങ്ങളെല്ലാവരും എട്ട് എ ക്ലാസ്സിൽ കൂടിയിരുന്നു. അവിടെവച്ച് വിഷയത്തെക്കുറിച്ചും എന്തെല്ലാം കാര്യങ്ങളാണ് അവതരിപ്പിക്കുന്നതെന്നും പ്ലാൻ ചെയ്തു.

അവിച്ച മുട്ടയെ തോടോടു കൂടി മുറിച്ച് അതിന്റെ ഭാഗങ്ങളെ ഭൂമിയുടെ ഉള്ളറയുമായി സങ്കൽപിച്ച് വിശദമാക്കുകയാണ് ഞാൻ ചെയ്തത്. മുട്ടയെ ഭൂമിയായി സങ്കൽപിക്കാനോ? മുട്ടയിൽ ഭൂവൽക്കവും മാന്റിലും കാമ്പും സങ്കല്പിച്ച് ഞങ്ങൾ ചർച്ച തുടങ്ങി. എട്ട് ബിയിലെ അസ്ന എന്ന കുട്ടി ഞാൻ പറഞ്ഞതിന്റെ തുടർച്ചയായി ഭൂമിയുടെ ഉൾഭാഗത്തെ വിശദീകരിച്ചു. തുടർന്ന് ഓരോരുത്തരായി സംസാരിച്ചു.

അപ്പോഴൊക്കെ ഞാൻ ചിന്തിച്ചത് മറ്റൊരു കാര്യമാണ്. എല്ലാ പരിപാടിയുടെയും തുടക്കം ഏതെങ്കിലും വിശിഷ്ട വ്യക്തികളുടെ ഉദ്ഘാടനത്തോടുകൂടിയാണ്. എന്തുകൊണ്ടാണ് ഞങ്ങളുടെ ഉച്ചഭക്ഷണ ചർച്ചയ്ക്ക് ഒരു ഉദ്ഘാടകൻ ഇല്ലാത്തത്? പിന്നീടാണ് എനിക്കു മനസ്സിലായത്, ഞങ്ങൾ തന്നെയായിരുന്നു ആ പരിപാടി ഉദ്ഘാടനം ചെയ്തത്. വളരെ വിചിത്രമായിരുന്നു ആ ചർച്ചാവേദി.



ഭൂമിയുടെ ഉള്ളിലെ രഹസ്യങ്ങൾ ഇനിയും നീളുന്നു.ഭൂമിയുടെ മനോഹാരിതയ്ക്കും വൈവിധ്യങ്ങൾക്കും പകരം വയ്ക്കാൻ  മറ്റൊരു ഗ്രഹത്തിനുമാവില്ല. എങ്കിലും ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് മുട്ടയ്ക്കുള്ളിലെ ഭൂമിയാണ്.


വർഷ പി ജയൻ
(എട്ട് സി)

Monday, 2 July 2018

വായന ദിനത്തിൽ ഞങ്ങൾക്കു കിട്ടിയ സമ്മാനം

ഇത്തവണ വായനദിനത്തിന് സാമൂഹ്യസശാസ്ത്രക്ലബ് ഒരു പ്രശ്നോത്തരി നടത്തി. പഴയകാല പുസ്തകങ്ങളെക്കുറിച്ചും കഴിഞ്ഞ കൊല്ലം ക്ലബ് നടത്തിയ 'നാടിനൊപ്പം ഭാഷയ്ക്കൊപ്പം' എന്ന പരിപാടിയെയും അടിസ്ഥാനമാക്കിയുമായിരുന്നു ചോദ്യങ്ങൾ. ഞാൻ മുൻകാലങ്ങളിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ പരിപാടികളിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ അറിയാമായിരുന്നു. ചോദ്യോത്തര പരിപാടിയിൽ പങ്കെടുത്തതുകൊണ്ട് ഒട്ടേറെ പ്രാചീന പുസ്തകങ്ങൾ പരിചയപ്പെടാനും കൂടുതൽ അറിവ് നേടാനും കഴിഞ്ഞു. മത്സരത്തിൽ ഒന്നാം സ്ഥാനം പത്താം ക്ലാസ്സിലെ അനാമികച്ചേച്ചിക്കായിരുന്നു. രണ്ടാം സ്ഥാനം എനിക്കാണ് ലഭിച്ചത്. മൂന്നാം സ്ഥാനം പത്തിലെ നൈമച്ചേച്ചിക്കും എന്റെ ക്ലാസ്സിലെ അസ്നയ്ക്കും ഒൻപതാം ക്ലാസ്സിലെ ചന്ദനയ്ക്കുമാണ്. നമുക്ക് അഞ്ചുപേർക്കും വ്യത്യസ്തമായ സമ്മാനമാണ് ലഭിച്ചത്. എന്താണെന്നു വച്ചാൽ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു സോഫ്റ്റ്വെയറിലുള്ള പരിശീലനമായിരുന്ന് അത്. പുസ്തകനിർമ്മാണത്തിന്റെ ഭാഗമായി ഞങ്ങൾ അഞ്ചുപേരും അത് പരിശീലിക്കുകയാണിപ്പോൾ. അതിലുപരി പുസ്തകങ്ങളെക്കുറിച്ചും സാമൂഹ്യചുറ്റുപാടിനെക്കുറിച്ചും ലഭിച്ച അറിവാണ് എനിക്ക് ഏറെ സന്തോഷം പകർന്നത്.


സാധിക എസ്. എ.
                    8 ബി

Tuesday, 26 June 2018

ഡിജിറ്റൽ പുസ്തകപ്രദർശനം



ലോകത്തിലെ ആദ്യത്തെ അച്ചടിക്കപെട്ട പുസ്തകം: ജിക്ജി


വായന വാരാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ് ഡിജിറ്റൽ പുസ്തകപ്രദർശനം സംഘടിപ്പിച്ചു. മലയാളത്തിലെയും ലോക ഭാഷകളിലെയും ആദ്യകാല പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. ഗുട്ടൻബർഗ് ബൈബിൾ, ജംഗമ അച്ചുകൾ ഉപയോഗിച്ച് ലോകത്ത് ആദ്യമായി പ്രിന്റ് ചെയ്യപ്പെട്ടതെന്നു കരുതുന്ന കൊറിയൻ പുസ്തകം ജിക്ജി എന്നിവ കുട്ടികൾ പരിചയപ്പെട്ടു. മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട സസ്യശാസ്ത്ര ഗ്രന്ഥം ഹോർത്തുസ് മലബാറികൂസിന്റെ ആദ്യ പതിപ്പുകളും അവയിലെ മലയാള മുദ്രണവും പരിചയപ്പെടുത്തി. "സാധ്യമായ എല്ലാ ആര്യലിപികളും ആദ്യമായി അച്ചടിയിലെത്തിയ"തെന്നു പരാമർശിക്കപ്പെടുന്ന, ക്ലമന്റ് പിയാനിയസിന്റെ മലയാള ലിപികളെക്കുറിച്ചുള്ള കൃതിയായ 'ആൽഫബെത്തും ഗ്രന്ഥോനിക്കോ മലബാറിക്കും സിവേ സംസ്കൃതോനിക്കും', സമ്പൂർണ്ണമായി മലയാളത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം'തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തി.

കഴിഞ്ഞ കൊല്ലം ശബ്ദതാരാവലിയുടെ ശതാബ്ദിയോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ് പുറത്തിറക്കിയ ഡിജിറ്റൽ ഗ്രന്ഥശേഖരത്തിലെ പുസ്തകങ്ങളും പ്രദർശിപ്പിച്ചു.

Friday, 22 June 2018

ലോകസംഗീതദിനം ആചരിച്ചു

Gheorghe Zamfir

മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21ന് ലോകസംഗീതദിനം ആചരിച്ചു. ലോകപ്രസിദ്ധ പാൻ ഫ്ലൂട്ട് സംഗീതജ്ഞനായ ഗ്യോർഗ് സംഫീറിനുള്ള ആദരവായിരുന്നു ഇത്തവണത്തെ സംഗീതദിനാചരണം.
8 സി യിൽ ചേർന്ന യോഗത്തിൽ ഇംഗ്ലീഷ് അധ്യാപകൻ ജി. ബൈജുമോൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ് വിദ്യാർത്ഥി കൺവീനർ ലക്ഷ്മി ചന്ദ്രൻ ഗ്യോർഗ് സംഫീറിനെ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തി. അദ്ദേഹത്തെ പ്രസിദ്ധനാക്കിയ The Lonely Shepherd  എന്ന ഗാനം വിവിധ ക്ലാസ്സുകളിൽ കേൾപ്പിച്ചു.

Wednesday, 20 June 2018

വായനദിനം ആചരിച്ചു

മീനാങ്കൽ: മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 2018 ജൂൺ 19ന് വായനദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി, വായന, വായനക്കുറിപ്പെഴുത്ത് എന്നിവ സംഘടിപ്പിച്ചു.

കഴിഞ്ഞ നവംബർ മാസം സംഘടിപ്പിച്ച 'നാടിനൊപ്പം ഭാഷയ്ക്കൊപ്പം' എന്ന പരിപാടിയുടെ [1ഇവിടെ വായിക്കാം] [2ഇവിടെ വായിക്കാം] തുടർച്ചയായാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. ശബ്ദതാരാവലി പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ച് മലയാളത്തിൽ ആദ്യകാലത്ത് അച്ചടിക്കപ്പെട്ട ഗ്രന്ഥങ്ങൾ ഉൾക്കൊള്ളിച്ച് സാമൂഹ്യശാസ്ത്ര ക്ലബ് 'ശബ്ദതാരാവലി ശതാബ്ദി സ്മരണിക' എന്ന പേരിൽ ഡിജിറ്റൽ പുസ്തകശേഖരം പുറത്തിറക്കിയിരുന്നു [ഇവിടെ വായിക്കാം]. ഇതിനെ ആസ്പദമാക്കിയാണ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇത്തവണ പ്രശ്നോത്തരി നടത്തിയത്. യുപി വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി വായനക്കുറിപ്പെഴുത്ത് മത്സരവും എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി വായനമത്സരവും നടത്തി.

Monday, 18 June 2018

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം 2018



അധ്യക്ഷ: ലക്ഷ്മി ചന്ദ്രൻ


ഉദ്ഘാടനം: പൂർവ്വവിദ്യാർത്ഥികൾ
സദസ്

കൃതജ്ഞത:അസ്ന

Saturday, 16 June 2018

പരിസ്ഥിതി ദിനാചരണം 2018 'നാട്ടുമാവിന്റെ കൂട്ടുകാർ'


നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത് പരിസ്ഥിതിദിനത്തിലാണ്ജൂൺ 5ന് സ്കൂളിലെ ആദ്യകാലത്തെ പ്രധാനാധ്യാപകനായിരുന്ന ഗോപാലകൃഷ്ണപിള്ള സാറിന്റെ വീട്ടിൽ തേന്മാവിൻ തൈ നട്ടുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്നമ്മുടെ നാട്ടിൽ ധാരാളമായി ഉണ്ടായിരുന്നതും ഇപ്പോൾ അത്യപൂർവ്വമായി മാറിക്കൊണ്ടിരിക്കുന്നതുമായ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 'നാട്ടുമാവിന്റെ കൂട്ടുകാർഎന്ന പരിപാടിയാണ് ഈ വർഷം നടത്തുന്നത്കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ പ്രവർത്തനം.


 'നാട്ടുമാവിന്റെ തണലേ നാരകത്തിന്റെ തണുപ്പേഎന്ന പേരിൽ കഴിഞ്ഞ വർഷം നാട്ടുമാവു സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നുസ്കൂളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ക്ലബ്ബിന്റെ പ്രവർത്തനംചിങ്ങമാസത്തിൽ ഒട്ടേറെ നവോത്ഥാന നായകർ ജനിച്ച മാസമായതിനാൽ ഈ മാസം നവോത്ഥാനമാസമായി ആചരിക്കുകയും നവോത്ഥാന നേതാക്കന്മാരുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നാട്ടുമാവിന്റെ തൈകൾ നട്ട് പരിപാലിക്കുന്നുമുണ്ട്ഇതിന്റെ തുടർച്ചയാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണം.
അനാമിക എം.എസ്
(10 എ)




 

*txt

.

Wikipedia

Search results

*txt

.

test blog

*txt

.