വളരെ വ്യത്യസ്തവും അത്ഭുതകരവുമായ പരിപാടിയായിരുന്നു അത്. ഞങ്ങളുടെ ആദ്യത്തെ ഉച്ചഭക്ഷണ ചർച്ചാവേദി. 'ഭൗമരഹസ്യങ്ങൾ തേടി' എന്ന പാഠഭാഗത്തെ ആസ്പദമാക്കി എട്ടാം ക്ലാസ്സ് എ ഡിവിഷനിലെ കുട്ടികളാണ് അത് സംഘടിപ്പിച്ചത്.ചോറു കഴിക്കാനുള്ള ബെല്ലടിച്ചപ്പോൾ ഞാനും എന്റെ കൂട്ടുകാരും എട്ട് എയിലേക്ക് ചോറുമായി ചെന്നു. അതിഥികളെ വരവേൽക്കുന്നതിന് എട്ട് എയിലെ കൂട്ടുകാർ ബഞ്ചും മേശയും ക്രമീകരിച്ചിരുന്നു. ഉച്ചഭക്ഷണ ചർച്ചാവേദി എന്ന ആശയം നടപ്പാക്കുന്നതിനു മുമ്പ് തലേദിവസം ഞങ്ങളെല്ലാവരും എട്ട് എ ക്ലാസ്സിൽ കൂടിയിരുന്നു. അവിടെവച്ച് വിഷയത്തെക്കുറിച്ചും എന്തെല്ലാം കാര്യങ്ങളാണ് അവതരിപ്പിക്കുന്നതെന്നും പ്ലാൻ ചെയ്തു.
അവിച്ച മുട്ടയെ തോടോടു കൂടി മുറിച്ച് അതിന്റെ ഭാഗങ്ങളെ ഭൂമിയുടെ ഉള്ളറയുമായി സങ്കൽപിച്ച് വിശദമാക്കുകയാണ് ഞാൻ ചെയ്തത്. മുട്ടയെ ഭൂമിയായി സങ്കൽപിക്കാനോ? മുട്ടയിൽ ഭൂവൽക്കവും മാന്റിലും കാമ്പും സങ്കല്പിച്ച് ഞങ്ങൾ ചർച്ച തുടങ്ങി. എട്ട് ബിയിലെ അസ്ന എന്ന കുട്ടി ഞാൻ പറഞ്ഞതിന്റെ തുടർച്ചയായി ഭൂമിയുടെ ഉൾഭാഗത്തെ വിശദീകരിച്ചു. തുടർന്ന് ഓരോരുത്തരായി സംസാരിച്ചു.അപ്പോഴൊക്കെ ഞാൻ ചിന്തിച്ചത് മറ്റൊരു കാര്യമാണ്. എല്ലാ പരിപാടിയുടെയും തുടക്കം ഏതെങ്കിലും വിശിഷ്ട വ്യക്തികളുടെ ഉദ്ഘാടനത്തോടുകൂടിയാണ്. എന്തുകൊണ്ടാണ് ഞങ്ങളുടെ ഉച്ചഭക്ഷണ ചർച്ചയ്ക്ക് ഒരു ഉദ്ഘാടകൻ ഇല്ലാത്തത്? പിന്നീടാണ് എനിക്കു മനസ്സിലായത്, ഞങ്ങൾ തന്നെയായിരുന്നു ആ പരിപാടി ഉദ്ഘാടനം ചെയ്തത്. വളരെ വിചിത്രമായിരുന്നു ആ ചർച്ചാവേദി.
ഭൂമിയുടെ ഉള്ളിലെ രഹസ്യങ്ങൾ ഇനിയും നീളുന്നു.ഭൂമിയുടെ മനോഹാരിതയ്ക്കും വൈവിധ്യങ്ങൾക്കും പകരം വയ്ക്കാൻ മറ്റൊരു ഗ്രഹത്തിനുമാവില്ല. എങ്കിലും ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് മുട്ടയ്ക്കുള്ളിലെ ഭൂമിയാണ്.
വർഷ പി ജയൻ




